തിരുവനന്തപുരം : കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്ന് സർക്കാർ . വിജിലൻസ് കോടതിയിലാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹർജി എന്ന് വിജിലൻസ് കോടതി പരാതിക്കാരനോട് ചോദിച്ചു. ഹർജിയിൽ തുടർവാദം അടുത്ത മാസം 22ലേക്ക് മാറ്റി.
കണ്ണൂർ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് നൽകിയ ഹർജി കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി ആണ് വിജിലൻസ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹർജി നൽകിയത്.പ്രോസിക്യൂഷൻ അനുമതി തേടി ഹർജിക്കാരൻ ഗവർണർക്ക് കത്തും നൽകിയിട്ടുണ്ട്.
അതേസമയം, കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി. 2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം.