ഒരു ദിവസം ഒരു ഉറുമ്പിനെ എങ്കിലും കാണാത്തവരായി ആരും ഉണ്ടാകില്ല. നമുക്കു മുൻപിലൂടെ വരിവരിയായി പോകുന്ന ഉറുമ്പുകളെ ഒരിക്കലെങ്കിലും എണ്ണി നോക്കാൻ ശ്രമിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഈ ഭൂമിയിൽ എത്ര ഉറുമ്പുകൾ ഉണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു പഠനം നടത്തി. ആ പഠനത്തിൽ ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ കണ്ടെത്തിയത്? 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഭൂമിയിലുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തലിൽ പറയുന്നത്.
ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി ആണ് ഈ പഠനം നടത്തിയത്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്നോളം ഉറുമ്പുകളെ കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങൾ അപഗ്രഥിച്ചാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. ഇതിനായി അവർ 489 പഠനങ്ങളുടെ ഫലങ്ങൾ അപഗ്രഥിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട പഠനങ്ങൾക്കൊടുവിലാണ് ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം 20 ക്വാഡ്രില്യൺ (20,000,000,000,000,000) ആണെന്ന് ഗവേഷകർ പ്രഖ്യാപിച്ചത്.
ഇത് കിറുകൃത്യമാണോ എന്ന് ചോദിച്ചാൽ അറിയില്ല. ഈ കണക്കുകൾ ശരിയാണെങ്കിൽ, ഭൂമിയിലെ മൊത്തം മനുഷ്യരുടെ ജനസംഖ്യ 775.28 കോടിയാണ്. അങ്ങനെ നോക്കുമ്പോൾ ഒരു മനുഷ്യന് ആനുപാതികമായി ഭൂമിയിൽ 25.8 ലക്ഷം ഉറുമ്പുകൾ ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.തീർന്നില്ല ഭൂമിയിലുള്ള മുഴുവൻ ഉറുമ്പുകളുടെയും ശരീരത്തിലെ കാർബണിന്റെ ഭാരം ഭൂമിയിലെ മൊത്തം മനുഷ്യൻറെ ശരീരത്തിലെ കാർബണിന്റെ ഭാരവുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യൻറെ കാർബണിന്റെ ഭാരത്തിന്റെ 20 ശതമാനത്തോളം വരും ഉറുമ്പുകളുടെ ശരീരത്തിലെ കാർബണിന്റെ ഭാരം.
ലോകത്ത് 15,700 തരം ഉറുമ്പുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉറുമ്പുകൾ ഉണ്ട് എന്ന് പറയാൻ സാധിക്കില്ല. കാരണം അന്റാർട്ടിക്ക, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും ചില ദ്വീപരാജ്യങ്ങളിലും ഇതുവരെയായും ഉറുമ്പുകളെ കണ്ടെത്തിയിട്ടില്ല. ഇവിടങ്ങൾ ഒഴിച്ചാൽ ബാക്കി ഭൂമിയിൽ എല്ലായിടത്തും ഉറുമ്പുകൾ ഉണ്ട്.
ഉറുമ്പുകളെ അത്ര നിസ്സാരക്കാരായോ ശല്യക്കാരായോ കരുതരുത്. കാരണം പരിസ്ഥിതിയിൽ പോഷണ ചംക്രമണം, വിത്ത് വിതരണം, ജൈവവസ്തുക്കളുടെ വിഘടനം തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ ഉറുമ്പുകൾ നടത്തുന്നുണ്ട്. മാത്രമല്ല ദിനോസറുകൾക്ക് മുൻപേ ഇവിടം വാണിരുന്നവരാണ് ഉറുമ്പുകൾ എന്നാണ് കരുതപ്പെടുന്നത്. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നിന്നുപോലും ഉറുമ്പുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.