കൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കേരളത്തിലെത്തി. രാവിലെ 10.45 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഊഷ്മളമായ വരവേല്‍പ്പാണ് ഉപരാഷ്ട്രപതിക്കായി നാവികസേനാ വിമാനത്താവളത്തില്‍ ഒരുക്കിയത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ.വിനോദ് എംഎല്‍എ, എഡിജിപി വിജയ് സാഖറെ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്. നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി.
ജനുവരി 2,3 തിയതികളിലായി കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിലാണ് താമസം. ജനുവരി 3നു രാവിലെ 9.15നു നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ മാന്നാനത്തേക്കു പോകും. 10ന് സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150-ാം ചരമവാര്‍ഷിക ആചരണത്തില്‍ പങ്കെടുക്കും.11.50നു തിരികെ കൊച്ചിയില്‍. ഗെസ്റ്റ് ഹൗസില്‍ 12.30ന് പുസ്തക പ്രകാശനം. വൈകിട്ടു നാലിനു ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ‘ഐസിഎഐ ഭവന്‍’ ശിലാസ്ഥാപനം നിര്‍വഹിക്കും. 4നു രാവിലെ 7.10ന് വ്യോമസേനാ വിമാനത്തില്‍ നാഗ്പുരിലേക്കു തിരിക്കും.