ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വത്തിനിടെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെ കണ്ട് ശശി തരൂര്‍. ഞങ്ങളുടേത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു. ദിഗ്‌വിജയ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍, സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് താൻ നാമനിർദ്ദേശ പത്രിക വാങ്ങിയതെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിഗ് വിജയ് സിംഗ് നാമനിർദ്ദേശ പത്രിക വാങ്ങാനെത്തിയത്. ഹൈക്കമാന്റ് പ്രതിനിധിയായാണോ നാമനിർദ്ദേശ പത്രിക വാങ്ങിയതെന്ന ചോദ്യത്തോട് താൻ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തന്റെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ നാളെ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ശശി തരൂരും അറിയിച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെയായിരുന്നു അശോക് ഗെലോട്ടിന്‍റെ പ്രതികരണം. രാജസ്ഥാനിലെ സംഭവ വികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് വിശദീകരിച്ചു. രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ദില്ലിയിലെത്തിയ അശോക് ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.