റിയാദ്: നിയമകുരുക്കിൽ അകപ്പെട്ട് എട്ടു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തൃശൂർ ചാലക്കുടി സ്വദേശി ജോജോ ജോസ് നാട്ടിലേക്ക് മടങ്ങി. റിയാദിലെ തഖസൂസിയിൽ കഴിഞ്ഞ 15 വർഷത്തിലധികമായി ഒരു സ്വകാര്യ കമ്പനിയിൽ പ്ലംബിങ് ജോലി ചെയ്യുകയായിരുന്ന ജോജോ ജോസിനെ കമ്പനി അകാരണമായി ഹുറൂബാക്കുകയായിരുന്നു.
തുടർന്ന് നിയമവശങ്ങൾ അറിയാത്തതിനാൽ മൂന്ന് വർഷത്തോളം ആ കമ്പനിയിൽ തന്നെ ജോലി ചെയ്യ്തു. സൗദി സർക്കാർ തൊഴിൽ നിയമം കർക്കശമാക്കിയതോടെ കമ്പനി ജോജോയെ കൈയ്യൊഴിഞ്ഞു. അതിനുശേഷം അഞ്ചു വർഷത്തോളം സുഹൃത്തുക്കളുടെ സഹായത്താൽ ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു.
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തളർത്തിയ ജോജോ ജോസിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കൾ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് അടിക്കാനുള്ള രേഖകൾ തയാറാക്കി നൽകി. ജോജോ ജോസ് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങി.