ഇടുക്കി : ഇടുക്കിയിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സ്ഥലത്തിന് പകരം സ്ഥലം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി . എ.ബി.സി സെന്ററുകളുമായി ബന്ധപ്പെട്ട സ്പെഷല്‍ പ്രൊജക്ടുകൾ സമര്‍പ്പിക്കാൻ ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും നിർദ്ദേശം നൽകിയിട്ടുണ്ട്
ഇടുക്കിയിലെ ചപ്പാത്തിലും, തൊടുപുഴ കാക്കൊമ്പിലും, അടമാലിയിലുമാണ് എസിബി കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്നത്. ചപ്പാത്തിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനു പകരം കുമളി, പാമ്പനാർ, ചെങ്കര എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്താനാണ് ശ്രമം. മറ്റു ബ്ലോക്കുകളിലും ഇതു സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണ്.
നെടുങ്കണ്ടം, ഇടുക്കി ബ്ലോക്കുകൾക്കായി നെടുങ്കണ്ടത്ത് കണ്ടെത്തിയ സ്ഥലം മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക സംഘം സന്ദര്‍ശിച്ച് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകി.
ഇതുവരെ പതിനയ്യായിരത്തോളം നായ്ക്കൾക്ക് വാക്സീൻ നൽകി. 86 എണ്ണം മാത്രമാണ് തെരുവ് നായ്ക്കൾ. പൂച്ച ഉൾപ്പെടെ ആയിരത്തിലധികം മൃഗങ്ങൾക്കും വാക്സീൻ നൽകി. 19000 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. വാക്സിന്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് നായകളുടെ കടിയേല്‍ക്കാതിരിക്കാനായി മൃഗാശുപത്രികളിൽ സ്‌ക്വീസ് കേജ് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. 44 പേർക്ക് പട്ടി പിടുത്തത്തിൽ പരിശീലനം നൽകി. അടുത്ത മാസം പകുതിയോടെ തെരുവ് നായക്കൾക്കുള്ള വാകസിനേഷൻ തുടങ്ങിയേക്കും.