ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ. ഇക്കാര്യത്തെ കുറിച്ച് ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചു. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ദ്വിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കും.
ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇതിനിടയിലാണ് മല്ലികാർജുൻ ഖാർഗെയോടും ഹൈക്കമാന്റ് സംസാരിച്ചത്. ഉച്ചക്ക് 12.15 നാണ് തരൂർ സ്ഥാനാർഥി പത്രിക സമർപ്പിക്കുക. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ഉള്ള അശോക് ഗെലോട്ടിനെ സ്ഥാനാർഥിയാക്കാനായിരുന്നു എഐസിസിയുടെ നീക്കം. എന്നാൽ രാജസ്ഥാന മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഗെലോട്ട് ഉറച്ചതോടെയാണ് സോണിയ ഗാന്ധി മറ്റു നീക്കങ്ങൾ തുടങ്ങിയത്. ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്.