തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി ബദൽ മാർഗമെന്ന നിലയിൽ പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിനായി താൽപര്യമുള്ള കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം തൊട്ടടുത്തുള്ള കെഎസ്ആർടിസി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സിഎംഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് 715 രൂപ എന്ന നിലയിൽ ദിവസ വേതന വ്യവസ്ഥയിലും, നിലവിൽ പ്രഖ്യാപിച്ച സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന പൊതു താത്പര്യാർത്ഥവുമാണ് ബദൽ മാർഗമെന്ന നിലയിൽ ഇത്തരക്കാരെ നിയോഗിക്കുന്നത്.
വരും ദിവസങ്ങളിൽ പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവിസ് നടത്തുവാൻ കെഎസ്ആർടിസി ഇത്തരത്തിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നത്. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരേയും ബസുകളേയും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനുമായി പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ എന്നിവരുടെ സഹായവും ഉറപ്പാക്കായിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു