വിഴിഞ്ഞം: പൂച്ച കടിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പെടുക്കാൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിയെ ആശുപത്രി മുറിയിൽവെച്ച് തെരുവുനായ് കടിച്ചു. നായുടെ കടിയിൽ വലതുകാലിൽ ഗുരുതര പരിക്കേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ വാസവന്‍റെ മകൾ അപർണക്കാണ് (31) നായുടെ കടിയേറ്റത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കാലിൽനിന്ന് രക്തം വാർന്ന യുവതിക്ക് പ്രഥമശുശ്രൂഷ നൽകാൻ വൈകിയെന്ന് ആക്ഷേപമുണ്ട്. നാലുദിവസം മുമ്പ് വളർത്തുപൂച്ച കടിച്ചതിനെ തുടർന്നുള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് പിതാവിനൊപ്പം അപർണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്. ആശുപത്രിയിലെ ഐ.പി വാർഡിനുസമീപം കസേരയിൽ ഇരിക്കുമ്പോഴാണ് കസേരക്കടിയിൽ കിടന്ന നായ് അപ്രതീക്ഷിതമായി കടിച്ചത്.
യുവതി നിലവിളിച്ച് അകത്തെ മുറിയിലേക്ക് ഓടി. സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഭയന്നു മാറിയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് സഹായത്തിനെത്തിയതെന്നും യുവതിയുടെ പിതാവ് വാസവൻ പറഞ്ഞു. പ്രധാന ഡോക്ടർ എത്താതിരുന്നതിനാൽ പ്രാഥമിക ചികിത്സ ലഭിക്കാൻ രണ്ടു മണിക്കൂർ വൈകി.
ആംബുലൻസ് ഉണ്ടായിട്ടും വിട്ടുനൽകിയില്ലെന്നും സ്വന്തം വാഹനത്തിൽ ജനറൽ ആശുപത്രിയിലെത്തുകയായിരുന്നെന്നും വാസവൻ പറഞ്ഞു. പൂച്ചകടിയേറ്റതിനു വീടിനു സമീപത്തെ പുന്നക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. അവിടെനിന്നുള്ള നിർദേശാനുസരണമാണ് രണ്ടാം ഡോസിനായി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്.അതേസമയം, യുവതിക്ക് പ്രഥമ ശുശ്രൂഷയടക്കം പരിചരണം നൽകുന്നതിൽ വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ലെന്ന് സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.