തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ മത-സാമുദായിക സംഘടനകളും സർക്കാറിന്റെ ലഹരി വിരുദ്ധ കാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ലഹരിക്കു വേണ്ടി പുതിയ രീതികൾ കണ്ടെത്തുന്ന നിലയാണ്. സർക്കാർ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് പുറമേ, ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകൾക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. അതുകൊണ്ട് ഓരോ വിഭാഗവും അവരുടെ നേതൃത്വത്തിൽ പൊതു കാമ്പയിന്റെ ഭാഗമാവണം.
നല്ല തോതിൽ ജനങ്ങളെ അണിനിരത്തണം. സവിശേഷ ദിവസങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പകരണം. വിവിധ ക്ലാസുകൾ, സൺഡേ സ്കൂളുകൾ, മദ്രസ, ഇതര ധാർമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ലഹരി വിരുദ്ധ ആശയങ്ങൾ പകർന്നു നൽകണം. നാടിന്റെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ ഒരു ഭേദചിന്തയുമില്ലാതെ എല്ലാവരും ഒരുമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
സ്കൂളുകളിൽ ആവശ്യമായ കൗൺസിലർമാരെ നിയമിക്കും. അധ്യാപകരിൽനിന്ന് യോഗ്യരായവരെ കണ്ടെത്താനും ശ്രമിക്കണം. എതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടു എന്ന് കണ്ടാൽ മറച്ചു വെക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കണം. വിദ്യാർഥി-യുവജന സംഘടനകളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ നല്ലരീതിയിൽ ഭാഗഭാക്കാക്കും. ഡി അഡിക്ഷൻ കേന്ദ്രങ്ങൾ വ്യാപകമാക്കും.
ലഹരിക്കെതിരെ പ്രദേശികമായി വിവരം നൽകുന്നവർക്ക് ഒരു തരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. അവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വീര പരിവേഷം നൽകുന്ന നില ഒരു കലാരൂപത്തിലും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മത-സാമുദായിക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.