അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍ – 98 പെട്രോളിന് ഒക്ടോബര്‍ മാസത്തില്‍ 3.03 ദിര്‍ഹമായിരിക്കും വില. സെപ്തംബറില്‍ ഇത് 3.41 ദിര്‍ഹമായിരുന്നു.
സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 3.30 ദിര്‍ഹത്തില്‍ നിന്നും 2.92 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.22 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും കുറഞ്ഞു. സെപ്തംബറില്‍ 3.87 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇനി 3.76 ദിര്‍ഹം നല്‍കിയാല്‍ മതിയാകും.
2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.