കോലാർ: 14 വയസ്സുള്ള ദളിത് ബാലനെ മോഷണം ആരോപിച്ച് തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ കോലാർ ജില്ലയിലുള്ള ചിന്താമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ കമ്മൽ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഉയർന്ന ജാതിക്കാരനായ പ്രതി കെട്ടിയിട്ട് മർദ്ദിച്ചത്.
കുട്ടിയാണ് കമ്മൽ മോഷ്ടിച്ചതെന്ന സംശയത്തിൽ ഒരു സംഘം ആളുകൾ ഇരയായ കുട്ടിയെ വലിച്ചിഴച്ച് ഒരു തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയ്ക്കും മർദ്ദനമേറ്റു. കുട്ടിയേയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. കുട്ടിയെ വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്ത മേൽജാതിക്കാരായ 10 പേർക്കെതിരെ ചിന്താമണി പൊലീസ് കേസ് എടുത്തു.
ദിവസങ്ങൾക്ക് മുൻപ് കോലാറിലെ തന്നെ ഉള്ളെരഹള്ളിയിൽ നാട്ടുദൈവ വിഗ്രഹത്തെ തൊട്ടതിന് നാട്ടുകാർ ദളിത് ബാലന്റെ കുടുംബത്തിന് 60,000 രൂപ പിഴ അടയ്ക്കാൻ നിർബന്ധിച്ച സംഭവം വിവാദമായിരുന്നു. സർക്കാർ ഇടപെട്ട ശേഷമാണ് പ്രശ്നം പരിഹരിച്ചത്.