ദില്ലി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ വർദ്ധനവ്. സെപ്തംബർ മാസത്തിൽ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 26 ശതമാനം ഉയർന്ന് 1.47 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.
ഓഗസ്റ്റിൽ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മാസത്തിൽ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,47,686 കോടിയാണ്. ഇതിൽ സിജിഎസ്ടി 25,271 കോടി, എസ്ജിഎസ്ടി 31,813 കോടി, ഐജിഎസ്ടി 80,464 കോടി, സി.സി.എസ്.ടി 10,137 കോടി എന്നിങ്ങനെ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 26 ശതമാനം കൂടുതലാണ് ഈ മാസത്തിൽ നേടിയത്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 39 ശതമാനം കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 22 ശതമാനം കൂടുതലാണ്.
സെപ്തംബർ 20 നാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ ഒറ്റ ദിവസ വരുമാനം നേടാനായത്. 49,453 കോടി രൂപയാണ് അന്ന് നേടിയത്. ധനകാര്യ മന്ത്രാലയം മുൻകാലങ്ങളിൽ സ്വീകരിച്ച വിവിധ നടപടികളുടെ പ്രതിഫലനമാണ് ജിഎസ്ടിയിൽ ഉണ്ടായ വർദ്ധനവ്.
അതേസമയം, 2022 ജൂലൈയിൽ നേടിയ 1.49 കോടി രൂപയെക്കാൾ കുറവാണ് സെപ്റ്റംബറിലെ വരുമാനം. ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ൽ, ഏപ്രിലിലായിരുന്നു.1.67 ട്രില്യൺ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. ഉത്സവ സീസൺ ആയതിനാൽ തന്നെ ഒക്ടോബറിലും ഉയർന്ന നേട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൊവിഡ്-19 പാൻഡെമിക്കിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്.