കോഴിക്കോട് : മാളിൽ നടിമാർക്കുനേരെ ലൈംഗികാതിക്രമം നടന്നതിന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് തെളിവ് തേടി പൊലീസ്. മാളിലും പരിസരത്തുമുള്ള ഇരുന്നൂറോളം സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ലൈംഗികാതിക്രമം നടന്നതായി തെളിയുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും വ്യക്തതയുള്ള ദൃശ്യങ്ങൾക്കായി ശാസ്‌ത്രീയ അന്വേഷണം തുടരാനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം.
കോറിഡോർ, പ്രവേശന കവാടം എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ് പന്തീരാങ്കാവ് പൊലീസ് പരിശോധിച്ചത്. ലഭ്യമായവ സൈബർ ഡോമിൽ ശാസ്‌ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല. ദൃശ്യത്തിൽ നടി അടിക്കുന്ന ആൾ അതിക്രമം നടത്തുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഇയാൾ നിരപരാധിയാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഫറോക്ക് അസി. കമീഷണർ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സിഐ എൻ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസ്, സിറ്റി ക്രൈം സ്‌ക്വാഡ്, സൈബർ പൊലീസ് ടീം എന്നിവരടങ്ങുന്നതാണ് അന്വേഷകസംഘം. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി എത്തിയ രണ്ട് നടിമാർക്കുനേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി ഉയർന്നത്. ആൾക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേർ ആക്രമിച്ചതായാണ് പരാതി. കണ്ടാൽ തിരിച്ചറിയാവുന്ന ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.