ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8 മണിക്കായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യം.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,എം.വി. ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് . പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.
അർബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണന്‍റെ നില ഇന്നലെ ഉച്ചയോടെയാണ് അതീവ ഗുരുതരമായത്. നിശ്ചയിച്ചിരുന്ന വിദേശയാത്ര ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടിയന്തരമായി ചെന്നൈയിലേക്കും തിരിച്ചു. വൈകീട്ടോടെ കോടിയേരിയുടെ നില തീർത്തും വഷളായി. രാത്രി 8ന് മരണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനും ആശുപത്രിയിലെത്തി. കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ചു.
തൊട്ടുപിന്നാലെ എം.വി. ഗോവിന്ദനും ആശുപത്രിയിലെത്തി. എംബാം ചെയ്യാനായി രാത്രി 11.50ഓടെ മൃതദേഹം രാമചന്ദ്ര ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ ലാൽസലാം, വീരവണക്കം വിളികളുമായി പ്രിയ സഖാവിന് അന്ത്യാഞ്ജലി നേർന്നു.
ഭാര്യ വിനോദിനി ബാലകൃഷ്ണനും മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും മരണ സമയം കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു