കണ്ണൂർ: നിരന്തരം സംഘർഷമുണ്ടായിരുന്ന കാലത്ത് തലശേരിയിലും മറ്റെല്ലായിടത്തും സംഘർഷ മേഖലകളിൽ ഓടിയെത്തുന്ന രീതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് സഹപ്രവർത്തകനും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ. കണ്ണൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
‘കർഷക സംഘത്തിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് താൻ ഈ വാർത്ത അറിഞ്ഞത്. രാത്രി തന്നെ തിരികെ മടങ്ങി. എല്ലാവർക്കും വല്ലാത്ത ദുഖവും വേദനയുമാണ് കോടിയേരിയുടെ വിയോഗം. അങ്ങനെ കേരളത്തിലെ ജനങ്ങളിലെല്ലാം വലിയ അംഗീകാരവും സ്നേഹ വാത്സല്യവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള ഉത്തമനായ കമ്യൂണിസ്റ്റ് നേതാവാണ് കോടിയേരി’- ഇപി പറഞ്ഞു.
‘തലശേരിയിലും എവിടെയായാലും സംഘർഷ മേഖലയിൽ ഓടിയെത്തി പാർട്ടി സഖാക്കൾക്ക് ആത്മവിശ്വാസം നൽകുന്ന ഇടപെടലാണ് കോടിയേരി എല്ലാ കാലത്തും നടത്തിയത്. സംഘർഷം ഇല്ലാതാക്കാൻ എല്ലാ ഇടപെടലും അദ്ദേഹം നടത്തി. കണ്ണൂരിൽ സംഘർഷവും അക്രമവും ഇല്ലാതാക്കാൻ അദ്ദേഹം ഓടിനടന്ന് ഇടപെടൽ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാവർക്കും മാതൃകയാണ്,’- എന്നും ഇപി പറഞ്ഞു.