അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ. എന്തും തുറന്നു പറയാൻ കഴിയുന്ന ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു തനിക്ക് കൊടിയേരി ബാലകൃഷ്ണനെന്ന് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചെന്നൈയിലേക്ക് ചികിത്സക്കായി പോകുന്നതിനു ഒരാഴ്ചയ്ക്ക് മുമ്പ് നേരിൽ കണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ നിങ്ങളുടെ ജില്ല കമ്മിറ്റിയിൽ ഒരു ദിവസം പങ്കെടുക്കാമെന്ന് പറഞ്ഞു. കോടിയേരിക്ക് സ്വന്തം ആരോഗ്യത്തേക്കാൾ വലുത് പാർട്ടിയായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോടിയേരിയുടെ ആശ്വാസ സാന്നിധ്യം മാഞ്ഞു പോയിരിക്കുന്നു. രോഗത്തിൻറെ കാഠിന്യം കൊണ്ട് പ്രതീക്ഷിച്ചതാണ് വിയോഗമെങ്കിലും ഇത്ര പെട്ടെന്ന് എന്നത് താങ്ങാവുന്നതിലും അപ്പുറം തന്നെ. ഞാനും തുളസിയും കണ്ണൂരിലേക്ക് പുറപ്പെടുകയാണ്. ഒരുപാട് ഓർമ്മകളുമായി. വിദ്യാർഥിക്കാലം തൊട്ടുള്ള ബന്ധം… ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ ആദ്യമായി കോടിയേരിയെ കാണുമ്പോൾ കൊടിയേരിയുടെ പ്രതികരണം എനിക്ക് ഉള്ളിൽ ഒരു വേദന ഉണ്ടാക്കി. കൊടിയേരി പറഞ്ഞു അപ്രതീക്ഷിതമാണ് പരാജയം. എൻറെ ആരോഗ്യസ്ഥിതി മൂലം ഒരു ദിവസം പോലും എനിക്ക് അങ്ങോട്ട് വരാൻ കഴിഞ്ഞില്ല. റിസൾട്ട് വന്നപ്പോൾ എനിക്ക് വിളിക്കണം എന്നുണ്ടായിരുന്നു. എന്തു പറയാൻ എന്നതുകൊണ്ട് നേരിൽ കാണുമ്പോൾ സംസാരിക്കാമെന്ന് വച്ചു. ആ പ്രതികരണം എനിക്ക് ഏറെ ആശ്വാസകരമായിരുന്നു.
എന്തും തുറന്നു പറയാൻ കഴിയുന്ന. ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു എനിക്ക് കൊടിയേരി. ചെന്നൈയിലേക്ക് പോകുന്നതിനു ഒരാഴ്ചയ്ക്ക് മുമ്പ് ഞാൻ നേരിൽ കണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ കൊടിയേരി പറഞ്ഞു ഞാൻ നിങ്ങളുടെ ജില്ല കമ്മിറ്റിയിൽ ഒരു ദിവസം പങ്കെടുക്കാം. അപ്പോൾ എനിക്ക് അറിയുമായിരുന്നു അത് സാധ്യമല്ല എന്ന്. എങ്കിലും കോടിയേരിക്ക് സ്വന്തം ആരോഗ്യത്തേക്കാൾ വലുത് പാർട്ടിയായിരുന്നു…