റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് കടത്ത്. ലഹരിമരുന്ന് കടത്താനുള്ള ശ്രമം ജിസാന്‍ മേഖലയിലെ അതിര്‍ത്തി സുരക്ഷാ സേന പരാജയപ്പെടുത്തി. ജിസാന്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 300 കിലോ ഹാഷിഷ് ആണ് പിടിച്ചെടുത്തത്.സംഭവത്തില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ സ്വീകരിച്ച ശേഷം പിടികൂടിയ ലഹരിമരുന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ തണ്ണിമത്തനില്‍ ഒളിപ്പിച്ച് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. 765,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു സ്വദേശികളും മൂന്ന് സിറിയന്‍ പൗരന്മാരുമുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായതായി ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു.പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തി വരികയാണ്. അടുത്തിടെ 47 മില്യന്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു.
രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിത്. ആറ് സിറിയക്കാരെയും രണ്ട് പാകിസ്ഥാനികളെയും ഇതുമായി ബന്ധപ്പെട്ട് പിടികൂടിയതായി അധികൃതർ അറിയിച്ചിരുന്നു. റെയ്ഡിനെ തുടർന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ തുടർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.