നേപിഡോ: 3500 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലെ യാത്രക്കാരന് വെടിയേറ്റ് പരിക്ക്. വിമാനം ലാൻഡ് ചെയ്യുന്നതിന്റെ തൊട്ടുമുമ്പായിരുന്നു മ്യാൻമാർ നാഷണൽ എയർലൈൻ വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായത്. ലാൻഡിങ്ങിന് ശേഷം യാത്രക്കാരനെ മ്യാന്മാറിലെ ലോയ്കാവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള വിമാനങ്ങൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ നാഷണൽ മ്യാന്മാർ എയർലൈൻസ് ഓഫീസ് അറിയിച്ചരിക്കുകയാണ്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ന്യൂസ് ഏജൻസി റിപ്പോർട്ടുകൾ പ്രകാരം 3500 അടി ഉയരത്തിലായിരുന്നു വിമാനം. 64 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് കണക്ക്. എയർപ്പോർട്ടിന്റെ നാല് മൈൽ വടക്ക് ഭാഗത്ത് എത്തിയപ്പോഴായിരുന്നു വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ വിമാനത്തിന്റെ ബോഡിയിൽ വലിയ ദ്വാരം രൂപപ്പെട്ടു. ബോഡി തുളച്ചെത്തിയ വെടിയുണ്ട യാത്രക്കാരന്റെ ചുണ്ടിന് ഗരുതര പരിക്കേൽപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദ മിറർ റിപ്പോർട്ട് ചെയ്തത് പ്രകാരം, സൈനിക ഭരണകൂടം ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നിൽ വിമതരാണെന്നും സൈനിക ഭരണകൂടം ആരോപിക്കുന്നു. അതേസമയം ആരോപണം വിമത വിഭാഗം തള്ളുകയും ചെയ്തിട്ടുണ്ട്.
ആക്രമണം നടത്തിയത് വിമത തീവ്രവാദികളാണെന്നായിരുന്നു മ്യാന്മാറിൽ ഭരിക്കുന്ന സൈനിക കൌൺസിൽ വക്താവ് മേജർ ജനറൽ സോ മിൻ ടണിന്റെ പ്രതികരണം. ഇവർ കരെന്നി നാഷണൽ പ്രോഗ്രസിവ് പാർട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ആളുകൾ പീപ്പിൾ ഡിഫൻസ് ഫോഴ്സുമായി ചേർന്നാണ് ഈ ആക്രമണം നടത്തിയത്. യാത്രാ വിമാനങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കടുത്ത കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ ആങ് സാങ് സൂചി സർക്കാറിനെ പുറത്താക്കിയതിന് പിന്നാലെ മ്യാന്മാർ പ്രക്ഷുബ്ധമാണ്. വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളിലും പ്രക്ഷോഭങ്ങളിലുമായി ഇതിനോടകം രണ്ടായിരിത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.