ഇടുക്കി: ഏലപ്പാറയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാത്ഥിയെ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കണ്ടെത്തി. ഏലപ്പാറ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥി പള്ളിക്കുന്ന് സ്വദേശി വർഗീസിൻറെ മകൻ ജോഷ്വയെയാണ് കാണാതായത്. ഓണാവധിക്ക് ശേഷം സ്കൂൾ തുറന്ന പന്ത്രണ്ടാം തീയതി ക്ലാസിലേക്ക് പോയ വീട്ടിൽ തിരികെ എത്തിയില്ല. പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കുമളി വഴി തമിഴ് നാട്ടിലേക്ക് പോയതായി മനസ്സിലാക്കിയിരുന്നു.
തമിഴ് നാട്ടിൽ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തിരുപ്പൂരിലെ തുണിമില്ലുകളിൽ കുട്ടികൾക്ക് ജോലി ലഭിക്കുമെന്നറിഞ്ഞാണ് ഇവിടെ അന്വേഷണം നടത്തിയത്. ജോബ് കൺസൾട്ടൻസിയിൽ നിന്നാണ് ജോഷ്വയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കുട്ടിയെ പീരുമേട് പൊലീസ് വീണ്ടെടുത്ത് ബന്ധുക്കൾക്ക് കൈമാറും.
ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ക്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ രണ്ടാം തീയതി ഏലപ്പാറയിൽ വച്ച് സംഘർഷമുണ്ടായിരുന്നു. ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈവർമാർ വിവരം അറിയിച്ചു. സംസാരിച്ചപ്പോൾ ജോഷ്വയിൽ നിന്നും മദ്യത്തിൻറെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി. ഇക്കാര്യം ക്ലാസ് ടീച്ചറോട് പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ജോഷ്വയെ വിളിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. അച്ഛനോട് അടുത്ത ദിവസം സ്കൂളിൽ വരണമെന്നും അറിയിച്ചു.
അന്ന് വൈകുന്നേരമാണ് ജോഷ്വയെ കാണാതായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് ബസിൽ വരുമ്പോൾ താൻ കുമളിയിലുളള ബന്ധു വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായി സുഹൃത്ത് അടുത്ത ദിവസമാണ് വീട്ടുകാരോട് പറഞ്ഞത്. ഇതനുസരിച്ച് നടത്തിയ പരിശോധനയിൽ കുമളി ചെക്ക് പോസ്റ്റ് കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടി. തമിഴ്നാട്ടിലെ ബന്ധു വീട്ടിലൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.