റിയോ ഡി ജനീറോ: ബ്രസീലിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ നേതാവ് ലുലയും, നിലവിലെ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയും തമ്മില്‍ അടുത്തതടുത്ത് ഫിനിഷ് ചെയ്തതോടെ. തെരഞ്ഞെടുപ്പ് ഒക്ടോബർ 30 ന് നടക്കുന്ന റണ്ണോഫിലേക്ക് പോകുമെന്ന് ബ്രസീലിയന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച അറിയിച്ചു. നിലവിലെ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ പ്രതീക്ഷകളെ മറികടന്ന് മുന്‍ പ്രസിഡന്‍റും ഇടത് നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വന്‍ മുന്നേറ്റമാണ് നടത്തിയത്.
99.5% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ഭരണത്തിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ലുലയ്ക്ക് 48.3 ശതമാനം വോട്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്‍റ് ബോൾസോനാരോയ്ക്ക് 43.3 ശതമാനം വോട്ടും ലഭിച്ചു. ഇതോടെയാണ് അടുത്തഘട്ടം ഒക്ടോബര്‍ 30 ന് നടത്താന്‍ തീരുമാനമായത്. 50 ശതമാനത്തിലേറെ നേടിയാല്‍ മാത്രമേ പ്രസിഡന്‍റായി ഒരാളെ പ്രഖ്യാപിക്കൂ എന്നതാണ് ബ്രസീല്‍ തെരഞ്ഞെടുപ്പ് നിയമം.
ഒരു സ്ഥാനാർത്ഥിയും പകുതിയിലധികം വോട്ടുകൾ നേടിയില്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥികളെ വച്ച് റൺ ഓഫ് തെരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ബ്രസീലിനെ തെരഞ്ഞെടുപ്പ് നിയമം. ഇതോടെ ഇരുവിഭാഗവും നേരിട്ട് മത്സര രംഗത്ത് വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
അതേ സമയം തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ ലുല പ്രസിഡന്‍റ് പദവി ഒന്നാംഘട്ടം തെരഞ്ഞെടുപ്പില്‍ തന്നെ നേടും എന്നായിരുന്നു പ്രവചനം. എന്നാല്‍ അതിലേക്ക് ഫലങ്ങള്‍ എത്തിയില്ല. ഇപ്പോഴത്തെ ഫലത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് ബോൾസോനാരോ ക്യാമ്പിന്‍റെ വിലയിരുത്തല്‍.
2003 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന ലുല സാവോ പോളോ നഗരത്തിലെ ഒരു ഹോട്ടലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. അന്തിമ വിജയം വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.