തിരുവനന്തപുരം∙ ഉപഭോക്താവാണ് ആശ്രയമെന്ന ഗാന്ധിവചനം പ്രതിജ്ഞയായി ചൊല്ലി കെഎസ്ആർടിസി ജീവനക്കാരുടെ ഗാന്ധിജയന്തി ആഘോഷം. യാത്രക്കാരോടുള്ള സമീപനത്തിൽ ഗുണപരമായ മാറ്റം വരുത്തിയേ തീരൂവെന്ന ഉദ്ദേശ്യത്തോടെയാണു മാനേജ്മെന്റിന്റെ ഈ നടപടി. കാട്ടാക്കടയിലും ചിറയിൻകീഴിലും ഈയിടെ ഉണ്ടായ സംഭവങ്ങൾ കെഎസ്ആർടിസിയുടെ പ്രതിച്ഛായയ്ക്കു കളങ്കമേൽപിച്ചിരുന്നു. ഗാന്ധിവചനങ്ങൾ എല്ലാ ഡിപ്പോയിലും പ്രദർശിപ്പിക്കുകയും ചെയ്യും.‘നമ്മുടെ പരിസരത്തെ ഏറ്റവും പ്രധാന സന്ദർശകനാണ് ഉപഭോക്താവ്. അദ്ദേഹം നമ്മെ ആശ്രയിക്കുന്നില്ല. നാം അദ്ദേഹത്തെ ആശ്രയിക്കുന്നു. അദ്ദേഹത്തെ സേവിക്കുന്നതിലൂടെ നമ്മൾ ഒരു ഉപകാരവും ചെയ്യുന്നില്ല. സേവിക്കാനുള്ള അവസരം നൽകി അദ്ദേഹം നമുക്കാണ് ഉപകാരം ചെയ്യുന്നത്’– എന്നു തുടങ്ങുന്ന പ്രതിജ്ഞയാണു ചീഫ് ഓഫിസ് മുതൽ ഡിപ്പോകളിൽ വരെ ജീവനക്കാർ ഏറ്റുചൊല്ലിയത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. എൻഎസ്എസ് യൂണിറ്റുകളിലെ വിദ്യാർഥികളുടെ സഹകരണത്തോടെ ജീവനക്കാർ ബസുകളും സ്റ്റേഷനുകളും ശുചീകരിച്ചു.