കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തമായ ജാബിര്‍ പാലത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തതായി സംശയം. പാലത്തില്‍ നിന്ന് ചാടിയതായി സംശയിക്കുന്ന സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ തീരസംരക്ഷണ സേന തെരച്ചില്‍ ആരംഭിച്ചു.
യുവാവിന്റെ കാറും തിരിച്ചറിയല്‍ കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21കാരനായ സ്വദേശി യുവാവിനെ കാണാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നതായി സെക്യൂരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. സംഭവത്തില്‍ ആത്മഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ് കുവൈത്തിലെ ശൈഖ് ജാബിര്‍ കോസ് വേ.
കുവൈത്തില്‍ അടുത്തിടെ നിരവധി ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 41 ആത്മഹത്യാ കേസുകളും 43 ആത്മഹത്യാ ശ്രമങ്ങളുമാണ് കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലെ സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മരണം സംഭവിച്ചിട്ട് 24 മണിക്കൂറില്‍ താഴെ മാത്രമേ ആയിരുന്നുള്ളൂ എന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാരമുള്ള വസ്‍തു ഉപയോഗിച്ച് തലയില്‍ ശക്തമായി അടിച്ചതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടുകയും താടിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ട്. സംഭവത്തില്‍ കുവൈത്ത് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങി.