കളിയിക്കാവിള: സ്കൂളിൽ സഹപാഠി നൽകിയ ശീതളപാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാർഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി പൊലീസിൽ പരാതി. ഇക്കഴിഞ്ഞ സെപ്തംബർ 24ന് ഓണപരീക്ഷ കഴിഞ്ഞാണ് സംഭവം. വിദ്യാർഥികൾ അവധിയാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് ശീതളപാനിയം വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുടിപ്പിച്ചതെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.
മെതുകുമ്മലിന് സമീപമാണ് സംഭവം. മകെൻറ ആന്തരികാവയങ്ങൾക്ക് പൊള്ളലേറ്റതായി രക്ഷിതാക്കൾ കളിയിക്കാവിള പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആദ്യം പനിയാണ് ഉണ്ടായത്. പനിമാറാത്തതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ സ്വകാര്യ ആസ്പത്രിയിൽ നടത്തിയ പരിശോധനയിലാണ് വായ മുതൽ വയറ് വരെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റത് കണ്ടത്. തുടർന്ന് പൊലീസിലും സ്ക്കൂളിലും പരാതിപ്പെടുകയായിരുന്നു.സ്ക്കൂളിലെ സി.സി.ടി.വി പരിശോധനയ്ക്ക് ശേഷം ഏത് വിദ്യാർഥിയാണ് ശീതളപാനിയം നൽകിയതെന്ന് കണ്ടെത്തും. വിദ്യാർഥികൾക്കിടയിൽ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിയുമെന്നും പൊലീസ് പറഞ്ഞു.