കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മർദ്ദിച്ച സംഘത്തിലെ ആളുകളെ കണ്ടെത്താനുളള ശ്രമത്തിലാണ് നടക്കാവ് പൊലീസ്. പ്രതികളുടെ അറസ്റ്റ് വൈകിയാൽ പരസ്യമായ സമരത്തിനിറങ്ങുമെന്നാണ് ഐ എം എയുടെ നിലപാട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ നിന്ന് ഒരു ഡോക്ടറെ വിളിച്ചിറക്കി ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചത്. തൊട്ടു തലേന്നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരു സഹപാഠിക്ക് ഒരു ദുരനുഭവം ഈ ഡോക്ടറിൽ നിന്ന് ഉണ്ടായി. അത് ചോദിക്കാൻ പിറ്റേന്ന് ഈ വിദ്യാർത്ഥികൾ ചെല്ലുന്നു. ഡോക്ടറെ അത്യാഹിത വിഭാഗത്തിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുന്നു. ഇതിൽ 15 പേരെങ്കിലും ഉണ്ടെന്നാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഇവർ ഹാജരാക്കിയിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസാണ് കേസന്വേഷിക്കുന്നത്. പൊലീസ് 3 പേരെ പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഇവർ മാത്രമല്ല, ഡോക്ടറെ വിളിച്ചിറക്കി കൊണ്ടുവന്ന നിരവധി പേരുണ്ടെന്നാണ് ഐഎംഎ പറയുന്നത്. അവരെ ആരും തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുകയാണ്. വിശദമായ പരിശോധനക്ക് ശേഷം ചിലയാളുകളെ അവർ വീണ്ടും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടർക്കൊപ്പമിരുന്ന് ഇവർ തന്നെയാണോ മർദ്ദിച്ചത് എന്ന വിഷയത്തിൽ സ്ഥിരീകരണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ ഘട്ടത്തിന് ശേഷം ബാക്കി പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പറയുന്നു.
അതേ സമയം ഡോക്ടർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ഡോക്ടറെ ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നാണ് പൊലീസും പറയുന്നത്. ഡോക്ടറുമായി ബന്ധപ്പെട്ടാൽ മാത്രമേ ബാക്കി പ്രതികളെ തിരിച്ചറിഞ്ഞ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് വിശദീകരിച്ച് പൊലീസ് കയ്യൊഴിയുന്നുണ്ടെങ്കിലും ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട് ഡോക്ടർമാരുടെ സംഘടന. ഇക്കാര്യത്തിൽ കൂടുതൽ അറസ്റ്റോ നടപടികളോ ഉണ്ടായില്ലെങ്കിൽ പരസ്യമായ സമരത്തിലേക്ക് നീങ്ങുമെന്നൊരു മുന്നറിയിപ്പ് ഐഎംഎ മുന്നോട്ട് വെക്കുന്നുണ്ട്.