തിരുവനന്തപുരം: സംസ്ഥാന ടൂറിസം പ്രോമഷന്‍റെ ഭാഗമായി തലസ്ഥാനത്ത് രാത്രികാല നഗര ജീവിതത്തിനായുള്ള പദ്ധതികള്‍ വരുന്നു. നൈറ്റ് ലൈഫ് ടൂറിസത്തിന്‍റെ ഭാഗമായി നിരവധി പദ്ധതികളാണ് തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ നടപ്പാക്കുന്നത്. തലസ്ഥാനത്തെ നൈറ്റ് ലൈഫ് ടൂറിസത്തിന്‍റെ ഭാഗമായി കഴക്കൂട്ടം മുതല്‍ ട്രാവന്‍കൂര്‍മാള്‍ വരെയാണ് ആദ്യ ഘട്ടം പദ്ധതി പ്രവര്‍ത്തികള്‍ നടത്തുന്നത്. അതോടൊപ്പം പട്ടം മുതല്‍ കവടിയാര്‍ വരെയും മാനവീയത്തും നൈറ്റ് ലൈഫ് ടൂറിസത്തിന്‍റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കഴക്കൂട്ടം മുതൽ ട്രാവൻകൂർ മാൾ വരെ ആദ്യഘട്ടം ഒരുങ്ങുമ്പോൾ പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗത്ത് സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റും ഒരുങ്ങും. ദേശീയപാതയിൽ ടെക്‌നോപാർക്, ഇൻഫോസിസ്, യൂ.എസ്.ടി ഗ്ലോബൽ, ലുലു മാൾ, ട്രാവൻകൂർ മാൾ എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് നൈറ്റ് ലൈഫ് പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കുന്നത്. ഒപ്പം ഭക്ഷണം ആസ്വദിക്കാൻ ഉള്ള വീഥിയായി പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗങ്ങളെ മാറ്റും. ഇതിനായി ഹോട്ടലുകൾക്കും തട്ടുകടകൾക്കും പ്രത്യേക ലൈസൻസ് നൽകാനാണ് തീരുമാനം. കടകള്‍ക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാവശ്യമായ പ്രത്യേക ലൈസൻസ് ഇതിനായി നൽകും.
ശംഘുമുഖം ബീച്ച്, മാനവീയം വീഥി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. പദ്ധതിയുടെ ഭാഗമായി നൈറ്റ് ലൈഫ് സെന്‍ററുകളായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കൂടുതൽ വഴിവിളക്കുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. നൈറ്റ് ലൈഫ് പദ്ധതികൾ വരുന്ന വീഥികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടാകും. ഇത്തരം കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കും അതോടൊപ്പം സംഘടനകള്‍ക്കും പൊതുപരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. സ്വകാര്യ കമ്പനികളുടെ കൂടെ സഹകരണത്തോട് കൂടിയാണ് നൈറ്റ് ലൈഫ് പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പണം സര്‍ക്കാരും നഗരസഭയും കണ്ടെത്തുന്നത്.