ബെംഗളുരു: ബിജെപി ഭരിക്കുന്ന കർണാടകയിൽ വാളേന്തി ഹൈന്തവ സംഘടനാ പ്രവർത്തകരുടെ റാലിക്കൊപ്പം പൊലീസും. മന്ത്രിയും എംഎൽഎയുമടക്കം പങ്കെടുത്ത റാലി ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. റാലിയിൽ 10000 ഓളം പേരാണ് പങ്കെടുത്തത്. ഒരു മന്ത്രിയും ഒരു എംഎൽഎയും റാലിയിൽ പങ്കെടുത്തിരുന്നു. വാളേന്തിയ പ്രവർത്തകർക്കൊപ്പം പൊലീസുകാരപം നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കർണാടകയിലെ ഉടുപ്പി ജില്ലയിൽ മാസങ്ങളായി വർഗീയ സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഹിജാബ് നിരോധനവും തുടർന്നുള്ള സംഘർഷങ്ങളും പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയടക്കം പങ്കെടുത്ത റാലി. ഹിന്ദു ജാഗരൺ വേദിക് ആണ് ഈ റാലി സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രി വി സുനിൽ കുമാറും എംഎൽഎ രഘുപതി ഭട്ടുമാണ് റാലിയിൽ പങ്കെടുത്തത്.
നിരവധി പേർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. റെവന്യു മന്ത്രി ആർ ആശോകുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് എൻഡിടിവി വ്യക്തമാക്കി.