ധാക്ക: ദേശീയ പവർ ഗ്രിഡിലെ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ബംഗ്ലദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടില്‍. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി സര്‍ക്കാര്‍ അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്താണ് പ്രശ്നം ഗുരുതരം എന്നാണ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്. തലസ്ഥാനമായ ധാക്കയിലും മറ്റ് വലിയ നഗരങ്ങളിലും എല്ലാ വൈദ്യുത നിലയങ്ങളും തകരാറിലായതായും വൈദ്യുതി ബന്ധം രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശത്തും തടസ്സപ്പെട്ടതായി വൈദ്യുതി വകുപ്പ് വക്താവ് ഷമീം ഹസൻ പറയുന്നു.
അതേ സമയം എവിടെയാണ് തകരാര്‍ സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ സര്‍ക്കാര്‍ എഞ്ചിനീയർമാർ ശ്രമിക്കുന്നുവെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് വിവരം. ബംഗ്ലാദേശില്‍ സമീപകാലത്ത് വൈദ്യുതി ക്ഷാമം സ്ഥിരം സംഭവമാണ്. ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായി എല്ലാ ഡീസൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളുടെയും പ്രവർത്തനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾ ബംഗ്ലാദേശിന്‍റെ വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 6% ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ അവയുടെ അടച്ചുപൂട്ടല്‍ മൂലം ദേശീയ വൈദ്യുകി വിഹിതത്തില്‍ 1500 മെഗാവാട്ടിന്‍റെ കുറവ് സംഭവിച്ചിട്ടുണ്ട്.
സ്ഥിതി വളരെ ഗുരുതരമാണ്, വസ്ത്ര ഫാക്ടറികളിൽ ഇപ്പോൾ പ്രതിദിനം 4 മുതൽ 10 മണിക്കൂർ വരെ വൈദ്യുതിയില്ലെന്ന് ഈ മാസം ആദ്യം ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്‌ചറേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഫാറൂഖ് ഹസ്സൻ പറഞ്ഞിരുന്നു. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ് ബംഗ്ലാദേശ്. ഓരോ വർഷവും വസ്ത്ര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നാണ് ബംഗ്ലദേശ് മൊത്തം വിദേശ കറൻസിയുടെ 80% ത്തിലധികം സമ്പാദിക്കുന്നത്.
കഴിഞ്ഞ മാസം, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ഒരു റിപ്പോർട്ടിൽ ബംഗ്ലാദേശിന്റെ സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ എഡിബിയുടെ മുൻ പ്രവചനമായ 7.1% ൽ നിന്ന് 6.6% ആയി കുറച്ചിരുന്നു. കയറ്റുമതി രംഗത്തെ മാന്ദ്യം, ആഭ്യന്തര ഉൽപ്പാദന രംഗത്തെ പ്രശ്നങ്ങള്‍, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമാകും എന്നാണ് എഡിബി പറയുന്നത്.