ദുബായ് : യു.എ.ഇ.യില്‍ മൂന്നുദിവസത്തിനകം രേഖപ്പെടുത്തിയത് റെക്കോഡ് മഴ. ദുബായ് അല്‍ ഖുദ്ര പ്രദേശത്ത് ലഭിച്ചത് 141.8 മില്ലീമീറ്റര്‍ മഴയാണ്. വര്‍ഷത്തില്‍ ശരാശരി 100 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നിടത്താണ് റെക്കോഡിട്ട് മഴ പെയ്തത്. വെറും മൂന്നുദിവസത്തിനകം യു.എ.ഇ.യില്‍ ഏതാണ്ട് 18 മാസത്തിന് തുല്യമായ മഴപെയ്തു. ഡിസംബര്‍ 30 മുതല്‍ അല്‍ ഖുദ്ര, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക്, ബാബ് അല്‍ ഷാംസ് ഡേസേര്‍ട്ട് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നീ ഭാഗങ്ങളില്‍ 141.8 മില്ലീമീറ്ററും അല്‍ ഐന്‍ സ്വീഹാനില്‍ 70 മില്ലീമീറ്ററും അല്‍ ഷുവൈബില്‍ 68 മില്ലീമീറ്ററും മഴപെയ്തു. ദുബായ് നഗരത്തിന് തെക്ക് ലഹ് ബാബില്‍ 66.1 മില്ലീമീറ്ററും റാസല്‍ഖൈമ ഷൗകയില്‍ 64.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. സാദിയാത്ത് ദ്വീപില്‍ 35.6 മില്ലീമീറ്ററും ജുമൈര 49.5 മില്ലീമീറ്ററും മഴ പെയ്തു.
കാറ്റും മഴയും ഇനിയും തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മൂടിക്കെട്ടിയ അവസ്ഥയിലായിരിക്കും. വിവിധഭാഗങ്ങളില്‍ മഴയുടെ തോത് വ്യത്യാസപ്പെടാം. അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളിലായിരിക്കും മഴ ശക്തമാവുകയെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. അല്‍ഐനില്‍ ചൊവ്വാഴ്ച മഴ ശക്തിപ്രാപിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അസ്ഥിരകാലാവസ്ഥയ്ക്ക് ശമനമുണ്ടാവുമെങ്കിലും ചില തീരപ്രദേശങ്ങളിലും വടക്കന്‍പ്രദേശങ്ങളിലും നേരിയതോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.
കനത്ത മഴ പെയ്ത സാഹചര്യത്തില്‍ ഷാര്‍ജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിട്ടു. ശനിയാഴ്ച രാത്രിയാണ് ഷാര്‍ജ പോലീസ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മഹാഫില്‍ പ്രദേശത്തുനിന്ന് കല്‍ബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലേക്കുള്ള റോഡുകളാണ് അടച്ചത്. വാദിയില്‍നിന്നുള്ള വെള്ളം റോഡില്‍ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം. പകരം ഷാര്‍ജ-അല്‍ ദൈത് റോഡോ അല്ലെങ്കില്‍ ഖോര്‍ഫക്കാന്‍ റോഡോ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ യു.എ.ഇ.യിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പ്രധാന വിനോദസഞ്ചാരമേഖലയായ ജബല്‍ ജെയ്സിലെ സിപ്ലൈന്‍ ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയായിരുന്നു.