2024 മുതല്‍ ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ലാപ്ടോപ് നിര്‍മ്മാതാക്കള്‍ക്ക് ഒരേ ചാര്‍ജിംഗ് കേബിളെന്ന നിയമം നടപ്പിലാക്കാന്‍ 2026വരെ സമയം അനുവദിച്ചിട്ടുണ്ട്. 602 എംപി മാരുടെ പിന്തുണയാണ് നിയമത്തിന് ലഭിച്ചത്. 13 പേര്‍ എതിര്‍ക്കുകയും 8 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുയും ചെയ്തു.
പരിസ്ഥിതിക്ക് ഏറെ ഗുണകരമാകുന്ന തീരുമാനമെന്നാണ് നിയമത്തെ വിലയിരുത്തുന്നത്. നിയമനിര്‍മാണത്തിന് യുറോപ്യന്‍ യൂണിയന്‍ മല്‍സരവിഭാഗം കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ ട്വിറ്ററില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള ചാര്‍ജറുകള്‍ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നത്തിനും അസൌകര്യത്തിനും പരിഹാരമെന്നാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്.
ഈ നിര്‍ദേശം ആദ്യമായി 2021 സെപ്തംബറില്‍ അവതരിപ്പിച്ചപ്പോള്‍ ആപ്പിള്‍ കമ്പനി എതിരായാണ് പ്രതികരിച്ചത്. നവീകരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുവെന്നും ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ആപ്പിള്‍ പ്രതിനിധി ഒരു ചാര്‍ജിംഗ് കേബിള്‍ എന്ന നീക്കത്തോട് പ്രതികരിച്ചത്.
മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ഇ റീഡേഴ്സ്, മൌസ്, കീബോര്ഡ്, ജിപിഎസ്, ഹെഡ് ഫോണ്‍, ഹെഡ്സെറ്റ്, ഇയര്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എന്നിവയെല്ലാം തന്നെ ഒരേ ചാര്‍ജിംഗ് കേബിളില്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ചാര്‍ജര്‍ വേണമോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാവുന്ന സാഹചര്യമാണ് നിയമത്തിലൂടെ സാധ്യമാകുന്നത്. ചാര്‍ജറുകളുടെ പുനരുപയോഗത്തിനും വ്യത്യസ്ത ഉപകരണങ്ങള്‍ക്കായി വേറിട്ട ചാര്‍ജറുകള്‍ സൂക്ഷിക്കേണ്ട അവസ്ഥയ്ക്കും മാറ്റമാകും. ഓരോ വര്‍ഷവും ഇതിലൂടെ 250ദശലക്ഷം യൂറോ ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.