കൊച്ചി : സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയ്ക്ക് ഒരു രാജ്യത്തോടും ശത്രുത പുലര്‍ത്താനാകില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. എന്നാല്‍, മറ്റുള്ളവരുടെ ആക്രമണത്തെ സ്വയരക്ഷാര്‍ഥം പ്രതിരോധിക്കാതിരിക്കാന്‍ രാജ്യത്തിനാകില്ല. വരുംകാലത്തെ വന്‍ശക്തിയായി ഇന്ത്യ വളരുകയാണ്. പ്രതിരോധ ഉല്‍പന്ന ഗവേഷണ-വികസനരംഗത്തു സ്വാശ്രയപാതയില്‍ രാജ്യം നടത്തുന്ന മുന്നേറ്റങ്ങള്‍ അതിന്റെ തെളിവാണ്. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) കേരളത്തിലെ ഏക ലബോറട്ടറിയായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ (എന്‍പിഒഎല്‍) വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി. നാവികസേനയുടെ മുങ്ങിക്കപ്പലുകള്‍ക്കു വളരെ ദൂരെയുള്ള ലക്ഷ്യം പോലും തിരിച്ചറിയാന്‍ സഹായിക്കുന്ന സമുദ്രാന്തര്‍ വാര്‍ത്താവിനിമയ സംയോജന സംവിധാനത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു.
അന്തരിച്ച രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ പൂര്‍ണകായ പ്രതിമ എന്‍പിഒഎലിന്റെ പ്രധാന കവാടത്തില്‍ ഉപരാഷ്ട്രപതി അനാവരണം ചെയ്തു. പൃഥ്വി, ആകാശ് മിസൈലുകളുടെയും ഇന്ത്യന്‍ ഉപഗ്രഹവിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെയും മാതൃകകളും പ്രതിമയ്‌ക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡിആര്‍ഡിഒ നേവല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ.സമീര്‍ വി.കാമത്ത്, എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്.വിജയന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എംപി എന്നിവരും വേദിയിലുണ്ടായിരുന്നു. നാവികസേനാംഗങ്ങള്‍ക്കു സമുദ്രാന്തര്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ പരിശീലനം ലഭ്യമാക്കാന്‍ എന്‍പിഒഎല്‍ വികസിപ്പിച്ചെടുത്ത ‘ധ്വനി’ പരിശീലന സംവിധാനം ഡോ.സമീര്‍ വി.കാമത്ത് ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ ചീഫ് സ്റ്റാഫ് ഓഫിസര്‍ (ട്രെയിനിങ്) റിയര്‍ അഡ്മിറല്‍ ടി.വി.എന്‍.പ്രസന്നയ്ക്കു കൈമാറി.
സമുദ്രത്തിനടിയിലെ ലക്ഷ്യം തിരിച്ചറിയാനും തടസ്സങ്ങള്‍ നീക്കാനും ശത്രുസാന്നിധ്യം മനസ്സിലാക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയായ ‘ഉഷസ്സ്’ ശ്രേണിയുടെ ഉല്‍പാദനത്തിനുള്ള അനുമതിപത്രം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനു (ബിഇഎല്‍) വേണ്ടി ഗവേഷണ വികസന ഡയറക്ടര്‍ എം.വി.രാജശേഖര്‍ ഡോ.സമീര്‍ വി.കാമത്തില്‍ നിന്നു സ്വീകരിച്ചു. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച് സെന്റര്‍ ഡയറക്ടര്‍ എസ്.സോമനാഥ്, നാവികസേനയുടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസല്‍ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ (റിട്ട) കെ.ഒ.താക്രെ, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.