തിരുവനന്തപുരം: മാറന്നല്ലൂരിൽ ചെടി നഴ്സറിയില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ ചാക്കിലാക്കി എസ് ഐ. മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ കണ്ടലയിൽ ചൊവാഴ്ച രാത്രി 10.30 ഓടെ അണ് സംഭവം. നഴ്സറിക്ക് സമീപത്തായി പെരുമ്പാമ്പിനെ കണ്ട് വഴിയാത്രക്കാർ ഭയന്നു നിൽക്കുന്നുണ്ടെന്നും പ്രദേശത്ത് ആളുകള്‍ കൂടിയതായും മാറനല്ലൂർ സ്റെഷനിൽ വിളി എത്തിയതോടെയാണ് എസ്ഐയും സംഘവും സ്ഥലത്തെതിയത്. മാറനല്ലൂർ എസ്.ഐ കിരൺ ശ്യാമും സംഘവും സ്ഥലത്തെത്തി ആള്‍കൂട്ടത്തെ നിയന്ത്രിച്ചു. ചെടികള്‍ക്കിടയില് പാമ്പിനെ കണ്ടതോടെ പിന്നെ മറ്റൊന്നും നോക്കാതെ എത്രയും വേഗം അതിനെ രക്ഷപെടുത്തി ചാക്കിലാക്കാൻ എസ് ഐ ശ്യാം തീരുമാനിക്കുകയായിരുന്നു.
നഴ്സറിക്കുള്ളിലേക്ക് ഇറങ്ങിയ ശ്യാം ഒരു ചാക്കെടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പാമ്പിനെ കണ്ട സ്ഥലത്തേക്കിറങ്ങി ചെന്ന് വാലിൽ പിടുത്തമിട്ടു. തുടർന്ന് ചാക്ക് പിടിക്കാൻ ആവശ്യപ്പെടുകയും നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ ചാക്കിൽ ആക്കുകയും ചെയ്തു. ഇതിന് ശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു. രാത്രിയോടെ വനം വകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ ഏറ്റെടുത്തു മടങ്ങി. പാമ്പിനെ കണ്ട സ്ഥിതിക്ക് വനം വകുപ്പിൽ നിന്നും ആള് എത്തുന്നത് വരെ കാത്ത് നിന്നാൽ ഒരുപക്ഷേ ജനം പാമ്പിനെ ഉപദ്രവിച്ചാലോ എന്ന് കരുതിയാണ് താൻ സ്വയം പാമ്പ് പിടുത്തക്കാരൻ ആവുകയായിരുന്നുവെന്ന് എസ്.ഐ കിരൺ ശ്യാം പറഞ്ഞു.
മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയിലേക്ക് അനുവാദമില്ലാതെ കയറാൻ ശ്രമിച്ച ആളെ ആൾക്കൂട്ടം കൈകാര്യം ചെയ്തപ്പോള്‍ അയാളെ രക്ഷിക്കാനായി പുറത്ത് കിടന്ന് സുരക്ഷാ കവചം ആയി തല്ലേറ്റ് വാങ്ങിയ ആളാണ് എസ്ഐ കിരണ്‍ ശ്യാം. ഒരേ സമയം അതിക്രമിച്ചു കയറിയ ആളെ കസ്റ്റഡിയിൽ ആക്കുകയും അതെ സമയം അയാളെ ആൾകൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്ത കിരണിന്‍റെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
എന്തായാലും കുറച്ച് നേരം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ പാമ്പിനെ പിടിച്ചു ചാക്കിൽ ആക്കി വനം വകുപ്പിന് കൈമാറിയ ശേഷം പാമ്പിനെ കണ്ടാൽ ഉപദ്രവിക്കരുത് എന്നും അതിനെ ഒരു തരത്തിലും പിടിക്കാൻ ശ്രമിക്കരുത് എന്നും പാമ്പുകളെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വനംവകുപ്പിനേയും പൊലീസിനെയും അറിക്കണം എന്ന നിർദേശം ജനത്തിന് നൽകിയാണ് എസ് ഐ കിരണ്‍ ശ്യാമും സംഘവും മടങ്ങിയത്.