ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയില്‍ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി മോദിയോട് യുക്രൈന്‍ പ്രസിഡന്‍റ് പറഞ്ഞത് എന്തൊക്കെയെന്ന് യുക്രൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഉള്ളത് ഇങ്ങനെയാണ്.
യുക്രൈന്‍ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
പ്രസിഡന്‍റെ വ്ളാദിമർ സെലെൻസ്‌കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. സംഭാഷണത്തിനിടെ യുക്രൈനെതിരായ റഷ്യൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈന്‍-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം സെലെൻസ്‌കി പ്രധാനമന്ത്രി മോദിയോട് ഊന്നിപ്പറഞ്ഞു.
റഷ്യ താൽക്കാലികമായി പിടിച്ചടക്കിയ യുക്രൈന്‍ പ്രദേശങ്ങളിൽ റഷ്യ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന വിഷയം ഇരു രാഷ്ട്രതലവന്മാരുടെ ചർച്ചയില്‍ വിഷയമായി. യുക്രൈന്‍ പ്രദേശങ്ങൾ നിയമവിരുദ്ധമായി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ നീക്കങ്ങള്‍ക്ക് ഒരു സാധുതയും ഇല്ലെന്നും, ഇത് കൊണ്ട് യാഥാര്‍ത്ഥ്യം മാറില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ഇത്തരം ഒരു അവസ്ഥയില്‍ റഷ്യയുമായി യുക്രൈന് ഒരു ചർച്ചയും നടത്താന്‍ സാധ്യമല്ലെന്ന് സെലെൻസ്കി പ്രധാനമന്ത്രി മോദിയെ അറിയിച്ചു. എന്നാല്‍ സംഭാഷണത്തിലൂടെ സമാധാനപരമായ ഒത്തുതീർപ്പിന് എപ്പോഴും യുക്രൈന്‍ തയ്യാറാണെന്നും, പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“എന്നാല്‍, റഷ്യ സംഭാഷണത്തിന് ഒരിക്കലും തയ്യാറായില്ല. പകരം ഇത്തരം ശ്രമങ്ങളെ മനപ്പൂർവ്വം തുരങ്കം വച്ച് യുക്രൈനെതിരെ അന്ത്യശാസനവുമായി മുന്നോട്ട് വരുകയാണ്. യുഎൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ, സമാധാനത്തിനുള്ള ഞങ്ങളുടെ വ്യക്തമായ ആവശ്യം യുക്രൈന്‍ വിശദീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യുക്രൈന്‍ തയ്യാറാണ്” സെലെൻസ്‌കി കൂട്ടിച്ചേർത്തു.
യുക്രൈന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പിന്തുണയ്‌ക്ക് നരേന്ദ്ര മോദിയോട് സെലെൻസ്‌കി നന്ദി അറിയിച്ചു. കൂടാതെ ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന മോദിയുടെ സമീപകാല പ്രസ്താവനയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ സര്‍ക്കാര്‍ യുക്രൈന് നൽകുന്ന മാനുഷിക സഹായത്തില്‍ യുക്രൈന്‍ രാഷ്ട്രത്തലവൻ നന്ദി അറിയിച്ചു.
ആഗോള ഭക്ഷ്യ സുരക്ഷ സംബന്ധിച്ച കാര്യവും സെലൻസ്‌കിയും നരേന്ദ്ര മോദിയും പ്രത്യേകം ചർച്ച ചെയ്തു. ലോകത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഒന്നിച്ച് യുക്രൈന്‍ തയ്യാറാണെന്ന് പ്രസിഡന്റ് സെലൻസ്‌കിയും ഊന്നിപ്പറഞ്ഞുധാന്യ സംരംഭം കൂടുതൽ നടപ്പിലാക്കുന്നതിന് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിന്റെയും, പ്രത്യേകിച്ച് ഇന്ത്യയുടെ പിന്തുണ പ്രധാനമാണെന്നും സെലൻസ്‌കി പറഞ്ഞു. ആണവ സുരക്ഷയുടെ വിഷയത്തിലും ഇരു രാജ്യങ്ങളും തങ്ങളുടെ ആശങ്ക പങ്കുവച്ചു.
“റഷ്യ ആണവ ആയുധം കാണിച്ചു നടത്തുന്ന ഭീഷണിപ്പെടുത്തല്‍ യുക്രൈന് മാത്രമല്ല, ലോകത്തിന് മുഴുവൻ ഭീഷണിയാണ്,” വോളോഡിമർ സെലെൻസ്കി പറഞ്ഞു. ഒപ്പം തന്നെ യുക്രൈന്‍ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും അന്താരാഷ്ട്ര സംഘടനകൾക്കുള്ളിലെ സഹകരണം, പ്രത്യേകിച്ച് യുഎന്നിലെ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു.
സംഭാഷണത്തിനിടയിൽ, യുക്രൈന്‍-ഇന്ത്യൻ ബന്ധം ആഴത്തിലാക്കുന്നതിലും സമഗ്രമായ പങ്കാളിത്തത്തിന് ഉഭയകക്ഷി ബന്ധങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്ന മേഖലകള്‍ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. പ്രധാനമന്ത്രി മോദിയെ യുക്രൈന്‍ സന്ദർശിക്കാന്‍ സെലെൻസ്‌കി ക്ഷണിച്ചു.