തിരുവനന്തപുരം : കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുപിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നുമുതല്‍ സെമിനാര്‍ നടത്തുന്നത്. മുന്‍ ധനകാര്യ മന്ത്രി കൂടിയായ തോമസ് ഐസക് ആണ് സെമിനാര്‍ അവതാരകന്‍. സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സമരം വിജയിച്ചതിന്റെ അടയാളമാണ് സിപിഐഎം സെമിനാറെന്നാണ് സമര സമിതിയുടെ അഭിപ്രായം.
അതേസമയം ലഘുലേഖകളുമായി കെ-റെയിലിനെതിരായി വീടുകയറി പ്രചാരണം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെ-റെയിലിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമാണെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.