ദില്ലി: ക്രൂഡോയിൽ ഉത്പാദനം കുത്തനെ കുറക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഉൽപാദനം കുറയ്ക്കാൻ കാരണം. ഒരു ദിവസം 20 ലക്ഷം ബാരൽ എന്ന കണക്കിൽ ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
രണ്ട് വർഷത്തിനിടയിൽ ഒപെക് രാജ്യങ്ങൾ ഒരു ദിവസം ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ച ഏറ്റവും ഉയർന്ന അളവ് ആണിത്. എന്നാൽ ആഗോളതലത്തിൽ ഇത് ക്രൂഡോയിൽ ലഭ്യതയിൽ വലിയ മാറ്റം വരുത്തിയേക്കില്ല. പല അംഗരാജ്യങ്ങളും ഇതിനോടകം തന്നെ ഉത്പാദനം കുറച്ചതാണ് ക്രൂഡോയിൽ ലഭ്യതയിൽ വലിയ മാറ്റം വരാതിരിക്കാൻ കാരണം.
അതേസമയം, ലണ്ടൻ വിപണിയിൽ ഇന്ന് ക്രൂഡോയിൽ വില ബാരലിന് 91.35 ഡോളറായി കുറഞ്ഞു. ക്രൂഡോയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഉത്പാദനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഈ വർഷം ആദ്യം സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം അമേരിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ തലവേദനയാണ്. ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന് അരികിൽ നിൽക്കുമ്പോഴാണ് ഒപെക് രാജ്യങ്ങൾ വീണ്ടും ഉത്പാദനം കുറയ്ക്കുന്നത് എന്നത് ആഗോളതലത്തിൽ എനർജി ചെലവ് ഉയരാൻ മാത്രമേ സഹായിക്കൂ.