ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തൽ.
ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കി. മരുന്ന് ഉത്പാദിപ്പിച്ച മെയിഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ ദുരന്തത്തില്‍ ദില്ലി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയുടെ പങ്കിനേക്കുറിച്ച് ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം ഗാംബിയയിലേക്ക് മാത്രമേ ഈ കമ്പനി മരുന്ന് അയച്ചിട്ടുള്ളുവെന്ന് ഇന്ത്യ വിഷയത്തേക്കുറിച്ച് പ്രതികരിച്ചു.