ന്യൂഡൽഹി : മുസ്‌ലിം സ്ത്രീകളെ മൊബൈൽ ആപ്ലിക്കേഷൻവഴി ‘ലേലം ചെയ്യാൻ’ വീണ്ടും ശ്രമം. ഗിറ്റ്ഹബിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾസഹിതം ലേലത്തിനുവെച്ചത്. സാമൂഹികമാധ്യമങ്ങൾവഴി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഈ അക്കൗണ്ട് ഗിറ്റ്ഹബ്ബും പോലീസും ബ്ലോക്ക് ചെയ്തു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. പ്രസ്തുത അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്) അന്വേഷണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. തങ്ങളുടെ ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായി ഗിറ്റ്ഹബ്ബും വ്യക്തമാക്കി. സംഭവത്തിൽ മുംബൈ പോലീസും ഡൽഹി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽനിന്നുംമറ്റും എടുത്താണ് ആപ്പിൽ ഉപയോഗിച്ചിരുന്നത്. സംഭവം അന്വേഷിക്കണമെന്ന് ശിവസേനാ എം.പി. പ്രിയങ്ക ചതുർവേദി, ഓൾ ഇന്ത്യ മജ്‌ലിസി ഇത്തിഹാദുൾ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവർ ആവശ്യപ്പെട്ടു.
ഗിറ്റ്ഹബ്ബിൽ സുള്ളി ഡീൽസ് എന്ന പേരിലും കഴിഞ്ഞ ജൂലായിൽ ഇത്തരത്തിലുള്ള ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. സ്ത്രീകൾക്കെതിരേ ഉപയോഗിക്കുന്ന മോശം പദമാണ് സുള്ളി. അന്ന് ഡൽഹി പോലീസും യു.പി. പോലീസും കേസെടുത്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഗിറ്റ്ഹബ്ബിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസ് പറയുന്നത്.