ന്യൂഡൽഹി: കന്നുകാലികളെ ഇടിച്ച് മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ എഞ്ചിൻ ഭാഗം തകർന്നു. വ്യാഴാഴ്ച രാവിലെ 11.20 ഓടെ ഗുജറാത്തിലെ ഗൈരത്പൂരിനും വത്വ സ്റ്റേഷനുമിടയിലാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ എൻജിന്റെ മുൻഭാഗം തകർന്നതായി റെയിൽവേ വക്താവ് പറഞ്ഞു.
ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിലേക്ക് പെട്ടെന്ന് നാലോളം കന്നുകാലികൾ കയറുകയായിരുന്നു. ഇടിയിൽ എഫ്.ആർ.പി (ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) കൊണ്ട് നിർമ്മിച്ച എൻജിന്‍റെ മുൻഭാഗമാണ് തകർന്നത്. എന്നാൽ പ്രധാന പ്രവർത്തന ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കന്നുകാലികളുടെ മൃതദേഹം നീക്കം ചെയ്ത ശേഷം എട്ട് മിനിറ്റിനുള്ളിൽ ട്രെയിൻ നീങ്ങിയതായും വക്താവ് പറഞ്ഞു. അതേസമയം, കൃത്യസമയത്ത് ട്രെയിൻ ഗാന്ധിനഗറിലെത്തി.
കന്നുകാലികളെ ട്രാക്കിന് സമീപത്തേക്ക് വിടരുതെന്ന് സമീപത്തെ ഗ്രാമീണർക്ക് നിർദേശം നൽകുമെന്ന് റെയിൽവേ അറിയിച്ചു. സെപ്തംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സെമി ഹൈസ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. 140 സെക്കൻഡിനുള്ളിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രെയിനിനാവും.