തിരുവനന്തപുരം: തിരുവനന്തപുരം കല്ലാര്‍ വട്ടക്കയത്ത് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ച സ്ഥലത്ത് വിലക്ക് ലംഘിച്ച് നാലംഗ സംഘത്തിന്‍റെ മദ്യപാനം. അപകടസ്ഥലവും കടന്ന് വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്താണ് നാട്ടുകാരിൽ ചിലര്‍ മദ്യപിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ച് അവശനായ ഒരാളെ കൂട്ടത്തിലുള്ളവര്‍ നദിയിൽ മുക്കിയെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സമീപത്തെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും സംഘം വന്ന ഓട്ടോറിക്ഷയിൽ തന്നെ കയറി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ നമ്പറിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ കയത്തിൽ കുളിക്കാനിറങ്ങുന്നതും മദ്യപിക്കുന്നതും മേഖലയിൽ പതിവാണ്. പൊലീസ് സ്ഥാപിച്ച മുള്ളുവേലിയും മറികടന്നാണ് അപകടസാധ്യതയുള്ള സ്ഥലത്ത് ഇവര്‍ എത്തുന്നത്.
തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ് (30), ജ്യേഷ്ഠ സഹോദരൻ ജവാദ് (35) ഇവരുടെ സഹോദരീ പുത്രനായ സഹ്വാൻ (16) എന്നിവരാണ് കല്ലാറിൽ വട്ടക്കയത്ത് മുങ്ങി മരിച്ചത്. ബീമാപ്പള്ളിയിൽ നിന്നുള്ള എട്ടംഗ സംഘത്തിൽ പെട്ടവരാണ് ഇവർ. ഒപ്പമുണ്ടായിരുന്ന 20 കാരിയായ പെൺകുട്ടി കയത്തിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയതാണ് മൂന്ന് പേരുമെന്നാണ് വിവരം. പ്രദേശവാസികളും റിസോർട്ട് ജീവനക്കാരനും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കയത്തിലിറങ്ങിയതെന്നാണ് ആരോപണം. മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തിൽ ഇറങ്ങിയത്. ആറ് മാസം മുൻപും ഇവിടെ അപകടം നടന്നിരുന്നു. ഇവിടെ മുൻപും അപകടം നടന്നിട്ടുണ്ട്. വളരെ ആഴമുള്ള ഇടമാണ് ഇത്.