കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിലെ ഡ്രൈവർ ജോമോൻ മറ്റ് കേസുകളിലും പ്രതി. കഴിഞ്ഞ ജൂലൈയിൽ ഇലഞ്ഞിയിലെ ഡിവൈഎഫ്ഐ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പ്രതിയാണ് ജോമോൻ. 2018ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
അപകട ശേഷം ആശുപത്രിയിൽ അധ്യാപകനെന്ന വ്യാജേന ചികിത്സ തേടിയ ജോമോൻ മുങ്ങിയിരുന്നു. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ കൊല്ലം ചവറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അപകടസമയം ജില്ലാ പൊലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ടൂർ ഓപറേറ്ററാണെന്ന് പറഞ്ഞാണ് അപകട സ്ഥലത്തുനിന്ന് കാലിന് പരിക്കേറ്റെന്നും പറഞ്ഞ് ഇയാൾ ആംബുലൻസിൽ കടന്നുകളഞ്ഞത്. ആശുപത്രിയിലെത്തി അധ്യാപകനാണെന്ന് പറഞ്ഞാണ് ചികിത്സ തേടിയത്. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം ആശുപത്രിയിൽനിന്ന് മുങ്ങുകയായിരുന്നു. കേരളത്തെ നടുക്കിയ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ മരിച്ചിരുന്നു.
അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ഡ്രൈവർ ജോമോനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം പൊലീസ് കേസെടുത്തത് ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്യും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പൊലീസ് അന്വേഷിക്കുക. ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ധാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോൻ, ബസ് ഉടമക അരുൺ, എന്നിവരെ കൊല്ലം ചവറയിൽ വച്ച് പോലീസ് പിടികൂടിയത്. ഇതിനിടെ ബസ് ഉടമക്കെതിരേയും കേസെടുക്കാൻ നിർദേശം ഉണ്ട് . ടൂറിസ്റ്റ് ബസ് കാറിനേയും കെഎസ്ആർടിസി ബസിനേയും ഒരുമിച്ച് മറികടക്കാൻ ശ്രമിച്ചെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു
അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തൽ. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു.