തെരഞ്ഞടുപ്പുകള്‍ എങ്ങനെയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന് ശശി തരൂരിന് വ്യക്തമായ ധാരണയുണ്ട്. അതോടൊപ്പം കോണ്‍ഗ്രസിന്‍റെ പ്രധാന എതിരാളിയായ ബിജെപിയുടെ ശക്തിയെ കുറിച്ചും സംഘടനാ സംവിധാനത്തെ കുറിച്ചും അദ്ദേഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിന്‍റെ പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് ഹാഷ്ടാഗ് തന്നെ “Think Tomorrow, Think Tharoor” എന്നണ്. ചരിത്രം പറഞ്ഞിരുന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തിന് തടസം നേരിടുമെന്ന് വ്യക്തമാക്കുന്ന ശശി തരൂര്‍ നാളെയെ കുറിച്ചുള്ള തന്‍റെ ധാരണകളും പങ്കുവയ്ക്കുന്നു. കൂടാതെ 135 വര്‍ഷത്തെ ചരിത്രമുള്ള പാര്‍ട്ടിയില്‍ 22 വര്‍ഷത്തിന് ശേഷം ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ എങ്ങനെയാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം രൂപപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ ശശി തരൂര്‍ സംഭാഷണത്തില്‍ നിന്ന്…
ഇന്ന് കോണ്‍ഗ്രസില്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നുണ്ടെന്ന് ഒരു പ്രതിനിധിക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ നിലവിലെ അവസ്ഥയ്ക്ക് വേണ്ടിയാകും വോട്ട് ചെയ്യുക. എങ്കിലും ഏറ്റവും അവസാനം മനസാക്ഷി വോട്ടാണ് പ്രധാനമെന്നും ശശി തരൂര്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ ഭാവിയെയാണ് തീരുമാനിക്കാന്‍ പോകുന്നത്. സ്വാഭാവികമായും ഓരോ വ്യക്തിക്കും അവരവരുടെതായ തീരുമാനങ്ങളെടുക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, മാറ്റം വരുത്തണമെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ പറയുന്നത്, 2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 19 ശതമാനം വോട്ട് ലഭിച്ചു. 2019 ലും 19 ശതമാനം കിട്ടി. എന്നാല്‍, 2024 ലും കോണ്‍ഗ്രസിന് 19 ശതമാനം വോട്ടാണ് ലഭിക്കുന്നതെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. അത് പാര്‍ട്ടിയുടെ ഭാവിയെ തന്നെ പ്രശ്നത്തിലാക്കും.
ഇതോടൊപ്പം 2014 നും 2019 നും ഇടയില്‍ പാര്‍ട്ടിയില്‍ നിന്നും വളരെ ചെറിയ ശതമാനം കൊഴിഞ്ഞ് പോക്ക് മാത്രമാണുണ്ടായത്. എല്ലാവരും പാര്‍ട്ടിയോടൊപ്പം നിന്നു. എന്നാല്‍, 2019 ന് ശേഷം നമ്മുക്ക് പെട്ടെന്ന് എടുത്ത് പറയാവുന്ന എട്ട് – പത്ത് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിക്കഴിഞ്ഞു. 2024 ലും അതാകും കോണ്‍ഗ്രസിന്‍റെ ഭാവി എന്ന് പല പ്രവര്‍ത്തകര്‍ക്കും ഭയമുണ്ട്. നമ്മള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടില്ലെങ്കില്‍, പാര്‍ട്ടിക്ക് ബലം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എങ്ങനെയാണ് ബിജെപിയുടെ വലിയ തെരഞ്ഞെടുപ്പ് സംവിധാനത്തെ നമ്മുക്ക് എതിരിടാന്‍ സാധിക്കുകയെന്നും ശശി തരൂര്‍ ചോദിക്കുന്നു. ബിജെപി ഒരു വലിയ വെല്ലുവിളിയാണ്. സര്‍ക്കാറിന്‍റെ എല്ലാ സ്ഥാപനങ്ങളെയും ബിജെപി ശക്തമായി കൈകാര്യം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ അവരുടെ സംഘടനാ ശക്തി ഇന്ത്യ കണ്ടതാണ്. ഈയൊരു അവസ്ഥയില്‍ നമ്മള്‍ ശക്തമായി അവരെ എതിര്‍ത്തില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെയാണ് നമ്മുക്ക് വേണ്ടി വോട്ട് ചെയ്യുകയെന്നും ശശി തരൂര്‍ ചോദിക്കുന്നു. ചില നേതാക്കള്‍ നമ്മളെ വിട്ട് പോകുമ്പോള്‍ ജനങ്ങളെ നമ്മള്‍ പാര്‍ട്ടിയിലേക്ക് ഏങ്ങനെയാണ് തിരിച്ച് കൊണ്ട് വരിക? അതിന് നമ്മുടെ ഭാഗത്ത് നിന്നും ഒരു മാറ്റം കാണിച്ചാല്‍ മാത്രമേ നമ്മുക്ക് ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയൂ. ഇതൊക്കെ പറഞ്ഞാണ് ആളുകള്‍ എന്നോട് മത്സരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു.