കോവളം : കുന്നുംപാറയ്ക്കടുത്തുള്ള പാറമടയിൽ നിന്നും 50 അടി താഴ്ചയിലേക്ക് വഴുതിവീണ് യുവാവ് മരിച്ചു. പൂങ്കുളം മുനിപ്പാറ ദേവസ്ഥാനത്തിന് സമീപം കല്ലടിച്ചാൻമൂല ടി.സി. 58/2743 ൽ സരസമ്മയുടെയും പരേതനായ അപ്പുവിന്റെയും മകൻ അഭിരാജ്(32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുന്നുംപാറ ക്ഷേത്രത്തിന് സമീപത്തുള്ള പാറമടയ്ക്ക് മുകളിലെ വഴിയിലൂടെ നടന്നുപോകവെ താഴേയ്ക്ക് വഴുതി വീണായിരുന്നു അപകടം. 50 അടിയോളം താഴ്ചയുള്ള പാറയിൽ വീണ അഭിരാജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അഭിരാജിനെ രക്ഷിക്കാൻ സുഹൃത്തുക്കളായ അരുൺകുമാർ, ഷാജി, അഭിലാഷ്, രാജേഷ്, പ്രദീപ്, ശോഭേന്ദ്രൻ എന്നിവർ താഴേയ്ക്ക് എത്തിയെങ്കിലും പാറയിൽ കുടുങ്ങിയ ഇവർക്ക് അഭിരാജിനെ മുകളിലേക്ക് കൊണ്ടുവരാനായില്ല. വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്നുള്ള സ്കൂബാ ടീമെത്തി അഭിരാജിന് പ്രാഥമിക ചികിത്സ നൽകി. അഭിരാജിനെയും പാറമടയിൽ കുടുങ്ങിപ്പോയവരെയും പുറത്തെത്തിച്ചു. അഭിരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മഞ്ജുഷയാണ് അഭിരാജിന്റെ ഭാര്യ. രണ്ടുവയസ്സുള്ള അനന്തുരാജ് ഏക മകനാണ്. വിഴിഞ്ഞം അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അജയ് ടി.കെ., ചെങ്കൽച്ചൂളയിലെ സ്റ്റേഷൻ ഓഫീസർ നിപിൻ, സ്കൂബാ ടീമിലെ കെ.വി.സുഭാഷ്, വി.വി.ബിജു, ആർ.രതീഷ്, എസ്.രാകേഷ്, കോവളം എസ്.ഐ. എസ്.അനീഷ്കുമാർ അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.