മസ്‍കത്ത്: രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.
ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കാനായി പ്രതികള്‍ കൃത്രിമ രേഖകളുണ്ടാക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് റോയല്‍ ഒമാന്‍ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡും നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ കുടുങ്ങിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.