കൊച്ചി∙ നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ വിവിധ ജില്ലകളിൽ നടപടി. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുമാണ്.
നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്. ബസുകളുടെ യാത്ര കഴിഞ്ഞാൽ ഇവ പൂർണമായി നീക്കംചെയ്യാൻ നിർദേശമുണ്ട്. കുറ്റം ആവർത്തിച്ചാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും.
തമിഴ്നാട്ടിൽനിന്നെത്തിയ ബസുകൾക്കെതിരെയും നടപടിയെടുക്കും. കണ്ണൂരിൽ സ്വകാര്യ ബസുകളിൽ മോട്ടർവാഹന വകുപ്പ് പരിശോധന നടത്തി. ബസിലെ അലങ്കാരങ്ങൾ മുറിച്ചുമാറ്റി. സ്പീഡ് ഗവർണറും പരിശോധിക്കുന്നുണ്ട്.