വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂർ ജില്ലയില്‍ മാത്രം കണ്ടെത്തിയത് 99 നിയമ ലംഘനങ്ങളാണ്. 150 വാഹനങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ്പരിശോധന നടത്തിയത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 98,000 രൂപയും വകുപ്പ് പിഴ ഈടാക്കി.
പരിശോധനയില്‍ അനധികൃത രൂപമാറ്റത്തിന്‍റെ പേരില്‍ കുടുങ്ങിയത് 8 വാഹനങ്ങളാണ്. അമിത ശബ്ദ സംവിധാനത്തോടെ നിരത്തിലിറക്കിയ 20 ടൂറിസ്റ്റ് ബസുകള്‍ക്കും പിടിവീണു, ഫ്ലാഷ്ലൈറ്റുകളുടെ ഉപയോഗത്തിന് 15 ബസുകളാണ് കുടുങ്ങിയത്. സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കുക തുടങ്ങി ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എന്നാല്‍ നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് സഹായകരമായ നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍ ആരോപിക്കുന്നത്.
കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ടൂറിസ്റ്റ് ബസുകള്‍ ഓടുമ്പോള്‍ നിയമം പാലിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ ആര്‍ക്കും വേണ്ടെന്നും നവമാധ്യമങ്ങളില്‍ വന്‍ ആരാധക പിന്തുണയുള്ള ടൂറിസ്റ്റ് ബസുകളെ തേടിയാണ് മറ്റു ജില്ലകളില്‍ നിന്ന് പോലും ആളുകളെത്തുന്നതെന്നുമാണ് ഒരുവിഭാഗം ബസുടമകള്‍ ആരോപിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളാണ് നിയമലംഘനം നടത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായ ബസുകളെ തേടിയെത്തുന്നവരില്‍ ഏറിയ പങ്കുമെന്നും ഈ ബസുടമകള്‍ പറയുന്നു. ഫിറ്റ്നെസ് പരിശോധനാ സമയത്ത് ഏകീകൃത കളര്‍ കോഡും മറ്റ് നിയമങ്ങളും പാലിച്ച് പരിശോധനയ്ക്ക് ടൂറിസ്റ്റ് ബസ് എത്തിച്ച ശേഷമാണ് വാഹനത്തിന് വൈറല്‍ പരിവേഷം നല്‍കുന്നതെന്നാണ് ആരോപണം.
നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ കാര്യക്ഷമമായ പരിശോധന ഇല്ലാത്തത് മൂലമാണ് ഇത്തരം നിയമലംഘനം സാധാരണമായി നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള തുച്ഛമായ പിഴയും നിയമം ലംഘിച്ചോടാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍ ആരോപിക്കുന്നത്.