തൊടുപുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിമർശനം നേരിട്ട മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ല. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് രാജേന്ദ്രൻ അറിയിച്ചു. സംഭവത്തിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് നേതൃത്വം ഉറപ്പു നൽകാത്തതാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എസ്.രാജേന്ദ്രനു നോട്ടിസ് നൽകിയിരുന്നു. രാജേന്ദ്രനു പുറമേ, സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ വി.മാരിയപ്പൻ, എസ്.സ്റ്റാലിൻ, എം.രാജൻ, മുൻ ഏരിയ കമ്മിറ്റി അംഗം വിജയകുമാർ (വിജി) എന്നിവർക്കും നോട്ടിസ് നൽകിയിരുന്നു. എസ്.രാജേന്ദ്രനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ പാർട്ടി മൂന്നംഗ സമിതിയെയും നിയോഗിച്ചിരുന്നു. സമിതി നൽകിയ റിപ്പോർട്ടിൽ ഈ 5 പേരുടെ പങ്ക് സംബന്ധിച്ചു സൂചിപ്പിച്ചിരുന്നു.