പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയ പാതയിൽ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തികളും കലുങ്കുകളും പുനർനിർമ്മിക്കുന്ന പണികൾ തുടങ്ങി. എട്ടു സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള പണികളാണ് ടെണ്ടർ ചെയ്തത്. പണി തുടങ്ങാൻ വൈകിയതിനാൽ ഇത്തവണത്തെ സീസണിന് മുമ്പ് പൂർത്തിയാകാൻ സാധ്യതയില്ല.
കഴിഞ്ഞ ഒക്ടോബര്‍ 16- നുണ്ടായ അതിതീവ്ര മഴയെ തുടർന്ന് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ദേശീയ പാതയിൽ വണ്ടിപ്പെരിയാറിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയിൽ നിരവധി സ്ഥലത്താണ് സംരക്ഷണ ഭിത്തി തകർന്നത്. ടാര്‍ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംരക്ഷണ ഭിത്തി നർമ്മിക്കാൻ ദേശീയ പാത വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു.
ഒൻപത് നിര്‍മ്മാണ പ്രവൃത്തികളിൽ എട്ടെണ്ണത്തിന് നേരത്തെ കരാർ നൽകിയിരുന്നു. എന്നാൽ രണ്ടിടത്ത് മാത്രമാണ് കരാരുകാര്‍ പണികൾ തുടങ്ങിയത്. കരാറെടുത്ത കോൺട്രാക്ടർ പണി നടത്താത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് കരാറുകാരനെ കൊണ്ട് പണി വേഗത്തിലാക്കാൻ തീരുമാനിച്ചത്. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പണികൾ തീർക്കാനാണ് കരാറുകാര്‍ക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
ആറു കോടി രൂപയാണ് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയപ്പ ഭക്തർ സീസണിൽ എത്തി തുടങ്ങുന്നതോടെ ഇവിടെ അപകടം വർദ്ധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ദേശീയപാതയിൽ 27 സ്ഥലങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതൊഴികെ മറ്റ് അപകട സാധ്യതകൾ പരിഹരിക്കാൻ ദേശീയപാത വിഭാഗം നടപടിയൊന്നും തുടങ്ങിയിട്ടില്ല.