ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യടെസ്റ്റ് പരമ്പരവിജയം ലക്ഷ്യമിട്ട് ഇന്ത്യൻ ടീം പുതുവർഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വാണ്ടറേഴ്സ് ഗ്രൗണ്ടിൽ. ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് ജയിച്ചിരുന്നു. ഇവിടെയും ജയിച്ചാൽ മൂന്നു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാകും. എന്നുമാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ മുൻനിരയിലെത്താനുമാകും. ഇന്ത്യ ഓസ്ട്രേലിയയിൽ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ചത് വിരാട് കോലിക്ക് കീഴിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-1ന് മുന്നിൽനിൽക്കുന്നു. ദക്ഷിണാഫ്രിക്കയിലും പരമ്പര ജയിച്ചാൽ, ക്യാപ്റ്റൻ എന്നനിലയ്ക്ക് കോലിക്ക് വലിയ അഭിമാനമാകും. വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ ഇതുവരെ ടെസ്റ്റിൽ തോറ്റിട്ടില്ല എന്ന റെക്കോഡും ടീമിന്റെ ആത്മവിശ്വാസം കൂട്ടും.
പഴയകാല പ്രതാപങ്ങളൊക്കെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക. കാഗിസോ റബാഡ, ലുങ്കി എൻഗീഡി എന്നീ പേസർമാരെ മാറ്റിനിർത്തിയാൽ, മറ്റ് വലിയ താരങ്ങളില്ല. പ്രധാന ബാറ്റ്സ്മാനായ ക്വിന്റൺ ഡി കോക്ക് ഒന്നാംടെസ്റ്റിനുശേഷം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആത്മവിശ്വാസം പിന്നെയും കുറഞ്ഞു. എങ്കിലും സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ തീർത്തും കുറച്ചുകാണാനാകില്ല. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണെങ്കിലും നിശ്ചിതസമയത്ത് ഓവർ എറിഞ്ഞുതീർക്കാൻ ഒരു സ്പിന്നറെയെങ്കിലും കളിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് അശ്വിനെ നിലനിർത്താനാണ് സാധ്യത. അല്ലെങ്കിൽ പാർട്ട് ടൈം സ്പിന്നർ ഹനുമ വിഹാരിയെ പരീക്ഷിക്കേണ്ടിവരും. പേസ് നിരയിൽ ഉമേഷ് യാദവിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്.