പാലക്കാട്: വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രിക്കാനായില്ല. കെ.എസ് ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടൂറിസ്റ്റ്ബസിന്റെ സ്പീഡ്ഗവർണർ പ്രവർത്തന രഹിതമാക്കിയ നിലയിൽ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാൻ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചവരേയും ചോദ്യം ചെയ്യും. കെഎസ്ആർടിസി ബസ് പെട്ടന്ന് നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നത്. ഇതിൽ വ്യക്തത വരുത്താൻ ആണ് പോലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പോലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി, പ്രേരണക്കുറ്റo ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതിനിടെ വിശദമായ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് എൻഫോഴ്സ്മെൻ്റ് ആർടിഒ ഗതാഗത കമ്മീഷണർക്ക് കൈമാറും. വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വൈകാതെ കിട്ടുമെന്നാണ് പോലിസിൻ്റെ പ്രതീക്ഷ.
വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താൻ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും. ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് എല്ലാ ജില്ലകളിലുമായി മോട്ടോർ വാഹനവകുപ്പ് രജിസ്റ്റർ ചെയ്തത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന. സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാവും. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ നടപടിയുണ്ടാകും. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലെ പരിശോധന. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 134 വാഹനങ്ങൾ പിടികൂടിയിരുന്നു. രണ്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് പിഴയിട്ടത്