മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ നിലമ്പൂരിലും വൻ കഞ്ചാവ് ശേഖരം പിടികൂടി. 14 കിലോ കഞ്ചാവുമായി യുവാവ് നിലമ്പൂർ പൊലീസിന്റെ പിടിയിലായി. എടക്കര കാക്കപ്പരത തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ്(28) ആണ് വലയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ നിലമ്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് ബാഗുകളിൽ നിന്നായി എട്ട് പാക്കറ്റുകളിലായി സൂക്ഷിച്ച 14 കിലോ കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ വർഷം പ്രതി കഞ്ചാവുമായി ട്രെയിനിൽ നിലമ്പൂരിലേക്ക് വരും വഴി പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിലായിരുന്നു.
ഈ കേസിൽ മാസങ്ങൾക്ക് മുമ്പാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. അതിന് മുമ്പ് ആന്ധ്രയിലും പ്രതിയും കൂട്ടാളികളും പിടിയിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആ കേസിലും പ്രതി ജാമ്യത്തിലാണ്. എടക്കര സ്റ്റേഷൻ പരിധിയിൽ റബ്ബർ ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലമ്പൂർ ഡി വൈ എസ് പി ഷാജു കെ എബ്രഹാം, ഇൻസ്‌പെക്ടർ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എസ് ഐമാരായ വിജയരാജൻ, എം അസൈനാർ, തോമസ് കുട്ടി ജോസഫ്, എസ് സി പി ഒ ടി ജംഷാദ്, സി പി ഒ സജേഷ്, ഡാൻസാഫ് അംഗങ്ങളായ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആസിഫലി, ടി നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.